ന്യൂഡെല്‍ഹി: കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് കഴിഞ്ഞ 11 ദിവസങ്ങളായി ഇരട്ടിയായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. ദിവസേന രോഗികളുടെ എണ്ണം വർധിക്കുകയാണ്.
അതേ സമയം രാജ്യത്ത് കൊറോണ രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. കൊറോണ സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയർന്നിട്ടുണ്ട്. 14 ദിവസം മുന്‍പ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിച്ചുളള രാജ്യത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണ്. കൊറോണ സ്ഥിരീകരിച്ചവരില്‍ 3.2 ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചത്. ഇതില്‍ തന്നെ 78 ശതമാനം പേരെ മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടിയിരുന്നുവെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.