നാട്ടിലേക്ക് മടങ്ങാൻ മൂന്ന് ലക്ഷം തൊഴിലാളികള്‍; നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് നോണ്‍സ്‌റ്റോപ്പ് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേയോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് മാര്‍ഗം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ അത് പ്രായോഗികമല്ല.

3.60 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ 20826 ക്യാമ്പുകളില്‍ സംസ്ഥാനത്ത് കഴിയുന്നുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍, യുപി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും.

സ്‌പെഷ്യല്‍ ട്രെയിന്‍ നേരത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബസ് മാര്‍ഗം രോഗം പകരാൻ സാധ്യത കൂടുതലാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ശാരീരിക അകലം പാലിക്കല്‍, ഭക്ഷണം എന്നിവയ്ക്ക് ട്രെയിനാണ് സൗകര്യം. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷം പൂര്‍ണമായി ഒഴിവാക്കാന്‍ ഇടപെടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.