തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളായ കോഴിക്കോട് കോർപ്പറേഷൻ ഉപാധ്യക്ഷ മീരാ ദർശക്, നിർവാഹക സമിതി അംഗം പശുപതി എന്നിവർ കൊറോണ ചട്ടങ്ങൾ ലംഘിച്ച് യാത്ര ചെയ്തു.
കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ആറു ജില്ലകൾ കടന്ന് സർക്കാർ വാഹനത്തിൽ ജില്ലാ ഭരണാധികാരികളുടെ അനുമതി കൂടാതെയായിരുന്നു യാത്ര. തിരുവനന്തപുരത്തെത്തിയ ഇവർ അന്തേവാസികളായ നൂറോളം കുഞ്ഞുങ്ങൾ താമസിക്കുന്ന ശിശുക്ഷേമ സമിതി ഹോസ്റ്റലിനോട് ചേർന്നുള്ള ഗസ്റ്റ് റൂമിലാണ് താമസിച്ചത്.
രഹസ്യമായി സമിതിയിൽ വന്നത് പുറത്തറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണം ഭരണസമിതി യോഗത്തിൽ പങ്കെടുക്കാതെ ഇവർ തിരുവനന്തപുരത്തുനിന്ന് മടങ്ങി. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ പുതിയ ഭാരവാഹികൾ കൊറോണ കാലയളവിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കി അധികാരമേറ്റത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേ സമയം ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും മടക്കയാത്രയിൽ ഇവരെ ക്വാറൻ്റയിൻ ചെയ്യണമെന്നും ശിശുക്ഷേമസംരക്ഷണസമിതി ചെയർമാൻ R.S.ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും ആവശ്യപ്പെട്ടു. ചട്ടം ലംഘിച്ച ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമസംക്ഷണസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകി