കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ വാശി കൊലപാതകത്തിൽ കലാശിച്ചു; മൃതദേഹം കഷ്ണങ്ങളാക്കി കത്തിച്ചു: പാതിവെന്ത ശരീരം കുഴിയെടുത്ത് മൂടി

കൊല്ലം : കൊല്ലത്ത് നിന്നും മാര്‍ച്ച്‌ 17 മുതല്‍ കാണാതായ ബ്യൂട്ടിഷന്‍ ട്രെയിനര്‍ സുചിത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുചിത്രയെ കൊലപ്പെടുത്തിയ കാമുകന്റെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്താണ് കൊല നടത്തിയത്. കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ മോഹവും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് യുവാവിന്റെ മൊഴി.

സുചിത്രയെ പാലക്കാട്ടെ വീട്ടിലെത്തിക്കാൻ പാലക്കാട്ടുള്ള അച്ഛനേയും അമ്മയേയും തന്ത്രത്തിൽ കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടു. ഇതിന് ശേഷം ഭാര്യയുമായി കൊല്ലത്ത് എത്തി. ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കി കാമുകിയുമായി പാലക്കാട്ടേക്ക് തിരിച്ചു മടങ്ങുകയായിരുന്നു. ഇതിന് ശേഷം മൂന്ന് ദിവസം പാലക്കാട്ടെ വീട്ടിൽ ഇരുവരും താമസിച്ചു. ഇതിനിടെയാണ് പ്രശ്‌നമുണ്ടായത്. തന്ത്രങ്ങളിലൂടെ പാലക്കാട് എത്തിയ സുചിത്ര പ്രശാന്തിനോട് ഒരു അഭ്യർത്ഥന നടത്തി. തനിക്ക് അമ്മയാകൻ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ആയിരുന്നു ഇത്. എന്നാൽ പ്രശാന്ത് ഇതിനെ അംഗീകരിച്ചില്ല. ഇതോടെയാണ് കലഹത്തിലേക്ക് വഴി മാറിയത്.

അവിഹിത ബന്ധം ഭാര്യയോട് പറയുമെന്ന് പ്രശാന്തിനെ സുചിത്ര ഭീഷണിപ്പെടുത്തി. ഈ തർക്കം അതിരുവിട്ടപ്പോഴാണ് ബെഡ് റൂമിലുണ്ടായിരുന്ന ടേബിൾ ലാബിന്റെ കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ വകവരുത്തിയത്. ഇതിന് ശേഷം മൃതദേഹം കഷ്ണമാക്കി കത്തിക്കാൻ തീരുമാനിച്ചു. കാലും കൈയും മുറിച്ചു മാറ്റി. വീട്ടിന് പുറകിലെ വയലിൽ കൊണ്ടിട്ട് കത്തിക്കാനും ശ്രമിച്ചു. എന്നാൽ മൃതദേഹം കത്തിയില്ല. ഇതോടെയാണ് കുഴിയെടുത്ത് ബാക്കി ഭാഗമെല്ലാം അതിലിട്ട് മൂടിയത്. ഫോൺ കോളുകളുടെ പരിശോധനയിൽ നിന്നാണ് പ്രശാന്തിലേക്ക് അന്വേഷണം എത്തിയത്.