കൊല്ലം: കൊല്ലം ജില്ലയിൽ ആശങ്ക പടർത്തി കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. സമൂഹ വ്യാപന സാധ്യത ഉള്ളതിനാല്‍ കൂടുതൽ ആളുകളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അഞ്ച് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് ആറ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊല്ലം ജില്ലയില്‍ ചികില്‍സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 15 ആയി. ഉറവിടം കണ്ടെത്താൻ ആകാത്ത രോഗികളുടെ എണ്ണവും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണവും വർദ്ധിച്ചത് ജില്ലയെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.
കുളത്തൂപ്പുഴ സ്വദേശിയായ 61 കാരൻ, ചാത്തന്നൂര്‍ സ്വദേശി 9 വയസുകാരൻ, ചാത്തന്നൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ആശ പ്രവര്‍ത്തകയുമായി സമ്പർക്കത്തില്‍ വന്ന സഹപ്രവര്‍ത്തക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, രാഷ്ട്രീയ പ്രവര്‍ത്തകൻ, ഓച്ചിറയില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശി, പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കുളത്തൂപ്പുഴ സ്വദേശിയുടേയും 9 വയസുകാരന്‍റേയും രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയ 61 കാരന് രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. അവിടെ നിന്ന് സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 വയസുകാരന്‍റെ രക്ഷിതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആണ്. ഇതേതുടർന്ന് പരിശോധന നടത്തുകയും കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ രക്ഷിതാക്കളെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപിയും അടച്ചു. അണുനശീകരണത്തിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്ന് അധികൃതർ വെക്തമാക്കി.