തിരുവനന്തപുരം : സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാൻ നീക്കം.
കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.
മന്ത്രിസഭ അന്തിമതീരുമാനമെടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് സാലറി കട്ടിന് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് ധാരണയായത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സാലറി കട്ടിനാണ് തീരുമാനിച്ചിരുന്നത്.