ജോയി അറയ്ക്കലിൻ്റേത് ആത്മഹത്യ ; സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: വ്യവസായ പ്രമുഖൻ ജോയി അറയ്ക്കൽ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ് ബേയിലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം.
സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നാണ് ജോയ് അറയ്ക്കൽ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായ പ്രശ്നങ്ങളെ തുടർന്നാണിത്. ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു.

അതേസമയം ജോയിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അറയ്ക്കൽ ജോയിക്കൊപ്പം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഷെട്ടി ഒളിവിൽ പോയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജോയി ജീവനൊടുക്കുകയായിരുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കൽ. കുടുംബസമേതം ദുബായിൽ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. ജോയി അറയ്ക്കൽ ഒരു വർഷം മുമ്പ് മാനന്തവാടി ടൗണിൽ നിർമ്മിച്ച ‘ അറയ്ക്കൽ പാലസ്’ എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നാണെന്ന വിശേഷണം നേടിയതാണ്.

അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. മൃതദേഹം നാട്ടിലേക്കയക്കനുള്ള നടപടികൾ നടന്നുവരികയാണ്.

എം.കോം ബിരുദധാരിയായ ഇദ്ദേഹം ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഒരു ഹോട്ടലില്‍ മാനേജറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 90-കളിലാണ് ദുബായിലെത്തുന്നത്. ആദ്യം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി. പിന്നീട് മറ്റൊരു കമ്പനിയില്‍ സാമ്പത്തിക പങ്കാളിയായാണ് ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത്. അവിടെ ഒരു ഷേയ്ഖിന്റെ വിശ്വസ്തനായി മാറിയ ജോയ് പിന്നീട് വ്യവസായ മേഖലയില്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

അറയ്ക്കല്‍ കമ്പനിക്ക് ഷാര്‍ജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുണ്ട്. എണ്ണ സംഭരിച്ച് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ള ബിസിനസ് സംരംഭങ്ങളും ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിനുണ്ടായിരുന്നു. ക്രൂഡ് വിലയിലുണ്ടായ വന്‍ ഇടിവ് ജോയ് അറയ്ക്കലിനെ ഉലച്ചു കളഞ്ഞത് ആ മേഖലയില്‍ അദ്ദേഹം വലിയ തോതില്‍ മുതല്‍മുടക്കിയതുകൊണ്ടാവാമെന്നാണ് സൂചന.

ഷാര്‍ജ, ദുബായ്, ദമാം എന്നിവിടങ്ങളില്‍ എണ്ണ സംഭരണ കേന്ദ്രങ്ങളും ജോയ് അറയ്ക്കലിന്റെ കമ്പനിക്കുണ്ടായിരുന്നു.

ഇന്ത്യയില്‍ 11 കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ജോയ് അറയ്ക്കല്‍. പ്രളയത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട 25 പേര്‍ക്ക് വയനാട്ടിലെ തലപ്പുഴയില്‍ വീട് നിര്‍മ്മിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കമ്പനിയുടെ ഭാഗവുമായിരുന്നു ജോയ് അറയ്ക്കല്‍.

ഇദ്ദേഹം മാനന്തവാടിയില്‍ പണി കഴിപ്പിച്ച 45000 ചതുരശ്ര അടിയുള്ള വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. ജോയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.