തൊടുപുഴ: ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെയും, ആശാവർക്കറുടെയും പുതിയ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഒരു ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും.
കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം റാന്‍ഡം പരിശോധനയില്‍ കൊറോണ പോസിറ്റിവായ മൂന്നു പേരുടെ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന ഫലം ഇന്നു പുറത്തു വന്നേക്കും.
റെഡ് സോണായതോടെ ഇടുക്കി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച് ജില്ലയെ ആറു മേഖലകളാക്കി തിരിച്ചാണ് പൊലീസ് പരിശോധനകള്‍ നടത്തുന്നത്. മാസ്‌ക് ധരിക്കാതെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
ഇന്നലെ മാത്രം 334 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് വയ്ക്കാതെ നിരത്തിലിറങ്ങിയ 118 പേര്‍ക്കെതിരെയും ലോക്ക്ഡൗണ്‍ ലംഘനത്തിന് 216 പേര്‍ക്കെതിരെയും കേസെടുത്തു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തോട്ടം മേഖലകളിലെ ജോലികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
മൂന്നാര്‍, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ 13 ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയിലാകെ 379 പേരുടെ പരിശോധനഫലം പുറത്തു വരുവാനുണ്ട്. 1462 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയവരാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കർശന പരിശോധനകൾ ഉണ്ടാകും. 78 സ്ഥലത്ത് പിക്കറ്റ് പോസ്റ്റുകളും 58 ബൈക്ക് പട്രോളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ലോക്ക്ഡൗണ്‍ പാലിക്കാതെ കടകൾ തുറന്നിരുന്നു.
ഇനിമുതൽ ഇതിൽ ഉപദേശമുണ്ടാവില്ല, മറിച്ച് കേസെടുക്കുക തന്നെ ചെയ്യും. അതേസമയം, കോട്ടയത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായിരുന്നു.