തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട്ടെ മാധ്യമപ്രവർത്തകനടക്കം ഏഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. പോസിറ്റീവായവരിൽ ആറ് പേർ കൊല്ലവും രണ്ട് പേർ വീതവും തിരുവനന്തപുരം, കാസർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ് കാസർകോട്ടെ ഒരു മാധ്യമപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു.
പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്. 20673 പേർ നിരീക്ഷണത്തിലുണ്ട്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി. 24952 സാംപിളുകൾ ഇതുവരെ ശേഖരിച്ച് പരിശോധിച്ചു. 23880 എണ്ണം നെഗറ്റീവാണ്.
ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നീ വിഭാഗങ്ങളിൽ നിന്നും ശേഖരിച്ച 875 സാംപിളുകളിൽ 801 എണ്ണം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പുനപരിശോധനയ്ക്ക് അയച്ച 25 സാംപിളുകളുടെ റിസൽട്ട് ഇനിയും വന്നിട്ടില്ല. ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.