ന്യൂഡെൽഹി : കൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്കായി എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശം.
പൊതുമേഖല സ്ഥാപനങ്ങളിലും ഭരണഘടന സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കണമെന്നും കേന്ദ്ര സർക്കാർ ആവിശ്യപ്പെട്ടു. കൊറോണ വ്യാപനത്തിന്റെ സാധ്യത അറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുന്നതിനാലാണ് ആപ്പ് ഡൌൺലോഡ് ചെയ്യാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
ഔട്ട്സോഴ്സ് ജീവനക്കാർ ഉൾപ്പെടെ മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫീസിലേക്ക് പോകുന്നതിന് മുന്‍പ് ആപ്പില്‍ തങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും സുരക്ഷിതമാണ് എന്ന് ആപ്പ് പറയുന്ന മുറയ്ക്ക് ഓഫീസിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും. അല്ലാത്ത പക്ഷം യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചു.
രോഗബാധിതരുമായി സമ്പർക്കമുണ്ടായി എന്നു കരുതുന്നവർക്ക് ആപ്ലിക്കേഷനിൽ ഹൈ റിസ്ക് എന്ന് കാണിക്കും. അങ്ങനെയെങ്കിൽ തുടർന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.