സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതുവരെ 102 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുമാത്രം രണ്ടു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലും കാസര്‍കോടിലെ അജാനൂരിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ രോ​ഗംബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കണ്ണൂരിലാണ് ഏറ്റവുമധികം ഹോട്ട്‌സ്‌പോട്ടുകള്‍ ഉളളത്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ണൂര്‍ ജില്ലയിലുളളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടുക്കിയാണ് തൊട്ടുപിന്നില്‍. 15 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ ഉളളത്. ഏറ്റവുമധികം പേര്‍ കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കണ്ണൂരില്‍ 47 രോഗികളാണ് ഉളളത്. കോട്ടയമാണ് തൊട്ടുപിന്നില്‍. 18 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇടുക്കിയില്‍ 14 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കൊല്ലത്ത് ഈ ഗണത്തില്‍ 15പേരാണ് ഉളളത്. കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ യഥാക്രമം 13, 6 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ എണ്ണം. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും എറണാകുളത്തുമാണ് മറ്റു രോഗബാധിതരെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.