കോട്ടയം: മാസ്ക്കു വേണ്ട, സാമൂഹ്യ അകലം പാലിക്കേണ്ട. കാൻ്റീനിലും ഹോട്ടലിലും ബേക്കറികളിലും തിക്കിതിരക്കി ഭക്ഷണം വാങ്ങുകയും ഇരുന്ന് കഴിക്കുകയും ചെയ്യാം. അനുദിനം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന റെഡ് സോണിൽപ്പെട്ട മെഡിക്കൽ കോളജ് ആശുപത്രിയുടെ ചുറ്റുവട്ടത്താണ് നഗ്നമായ നിയമ ലംഘനം അരങ്ങേറുന്നതായി ആക്ഷേപം ഉയരുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന നിർദേശം പരസ്യമായി കൂട്ടത്തോടെ ലംഘിച്ചിട്ടും ആരോഗ്യ വകുപ്പോ അധികൃതരോ അറിഞ്ഞ ലക്ഷണം നടക്കുന്നില്ല.
മെഡിക്കൽ കോളജിന് മുൻവശത്ത് രണ്ടാം നമ്പർ ഗെയിറ്റിൽ കുടുംബശ്രീ കഫേയിൽ മുഴുവൻ സമയവും തിരക്കാണ്. കൊറോണ രോഗികളുടെ ഐസൊലേഷൻ വാർഡ് അടക്കം പ്രവർത്തിക്കുന്നതിന് സമീപമാണ് കാൻറീൻ. ചായയും ഭക്ഷണവും കഴിക്കാൻ ഇവിടെ സാമൂഹ്യ അകലം പാലിക്കുന്നില്ല. ഭക്ഷണം വാങ്ങാനെത്തുന്നവരും വിതരണം ചെയ്യുന്നവരും മാസ്ക് ധരിക്കുന്നില്ല.
പൊതു സ്ഥലങ്ങളിൽ മാസ് നിർബന്ധമാക്കിയിട്ടും രണ്ടാം നമ്പർ ഗെയിറ്റിലെ
സെക്യൂരിറ്റിയാകട്ടെ മാസ്ക് ധരിക്കാതെ കഴുത്തിലിട്ടിരിക്കുന്നു.
ഇവിടെ നിന്ന് അധികം ദൂരത്തല്ലാതെ കുടമാളൂർ പുളിഞ്ചോട് കവലയിലെ രണ്ട് ബേക്കറികളിൽ രാവിലെ മുതൽ വൈകിട്ട് വരെ ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഇത് നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ല.
മെഡിക്കൽ കോളജിലെ
കുട്ടികളുടെ ആശുപത്രിയിലെ കാൻ്റീനിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമടക്കം രാത്രി ഒമ്പതു വരെയാണ് ഭക്ഷണം ലഭിക്കുക. ഭിക്ഷക്കാരടക്കം ആശുപത്രിയിൽ വന്നു പോകുന്നവരെല്ലാം ഇവിടെ വന്നിരുന്ന് ഭക്ഷണം കഴിക്കുന്നതായാണ് ആക്ഷേപം.
ഭക്ഷണം കഴിക്കാനെത്തുന്നവരും വിളമ്പുന്നവരും മാസ്ക് ധരിക്കുന്നില്ല. കൈ കഴുകാൻ സോപ്പ് കക്ഷണവും പോലും ഇവിടെയില്ലെന്ന് രോഗികളുടെ കൂടെയെത്തുന്നവർ പറയുന്നു. തൊട്ടടുത്തുള്ള
മറ്റൊരു ഹോട്ടലിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഈ മലീമസമായ സാഹചര്യത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് ആരും അറിഞ്ഞ ഭാവമേ നടിക്കുന്നില്ല.