കൊച്ചി : രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുക്കൂട്ടുതറയിൽ കാണാതായ കൊല്ലമുള കുന്നത്തുവീട്ടിലെ ജയിംസിന്‍റെ മകൾ ജെസ്നയെ കണ്ടെത്തിയതായി സൂചന.
ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജസ്നയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.പത്തനംതിട്ട എസ്.പി: കെ.ജി. സൈമണാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണച്ചുമതല.
ജസ്ന ജീവിച്ചിരിപ്പുണ്ടെന്നും നിലവില്‍ കേരളത്തിന് പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.
ജസ്ന ജീവനോടെ ബാംഗ്ലൂരിലുണ്ടെന്ന് നേരത്തെ തന്നെ മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജസ്നയെ കണ്ടെത്തിയതായുള്ള പുതിയ വിവരം പുറത്തായത്. എന്നാൽ ജെസ്ന അയൽ സംസ്ഥാനത്താണെന്ന് മാത്രമാണ് പുതിയ റിപ്പോർട്ടിലുള്ളത്.
ജസ്ന തിരോധാന കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജസ്നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ കാണാതായത്.പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെ 2018 മാര്‍ച്ച് 20-നാണ് കാണാതായത്. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ”ഞാന്‍ മരിക്കാന്‍ പോകുന്നു”വെന്ന (ഐ ആം ഗോയിങ് ടു ഡൈ) ജസ്‌നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം ജസ്‌നയുടേതാണെന്ന് ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ ജസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്‌നയുടെ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണും പോലീസ് കണ്ടെടുത്തിരുന്നു.
ജസ്‌ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവു ജയിംസ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജെസ്‌ന പോകാൻ സാധ്യതയുളള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. എന്നാൽ ഫലമുണ്ടായില്ല.
ലോക്കൽ പൊലീസിന്റെ കണ്ടെത്തലിൽ കൂടുതലൊന്നും ക്രൈംബ്രാഞ്ച് .അന്വേഷണത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തിനുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു ജെസ്നയാണെന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.
മുണ്ടക്കയം സ്റ്റാൻഡിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെട്ട ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ജെസ്‌നയെന്നു കരുതുന്ന പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടെന്നത് വ്യക്തമായിരുന്നു. ജസ്നയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതായും ഇവര്‍ ബെംഗളൂരുവിനടുത്ത് ആശുപത്രിയില്‍ ചികില്‍സ തേടിയെന്നുമാണ് പിന്നീട് ലഭിച്ച വിവരം. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസ ഭവന്‍ എന്ന സ്ഥാപനത്തില്‍ ഇവര്‍ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നല്‍കുമോയെന്ന് അവിടത്തെ മാരിസ് എന്ന വൈദികനോടു ചോദിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.