കൊറോണ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ കേന്ദ്ര സര്‍ക്കാര്‍ നിർദേശം

ന്യൂഡൽഹി: നേരിയ കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിരീക്ഷണത്തില്‍ കഴിയുന്നതിന് 8 നിബന്ധനകൾ അടങ്ങിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി.

നേരിയ ലക്ഷണങ്ങളേ ഉള്ളൂവെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം. വീട്ടിൽ സമ്പർക്കത്തിൽ വരുന്നവരും നിരീക്ഷണത്തിലാകണം.

നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കാൻ ആളുണ്ടാകണം.
പരിചരിക്കുന്ന ആളും ആശുപത്രി അധികൃതരും തമ്മിൽ ആശയവിനിമയം ഉറപ്പാക്കണം.

പരിചരിക്കുന്ന ആൾ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വീൻ കഴിക്കണം. ആരോഗ്യസേതു മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം.

ജില്ല മെഡിക്കൽ സംഘത്തെ ആരോഗ്യസ്ഥിതി അറിയിക്കണം. വീട്ടിൽ ഐസലേഷൻ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് നിർദിഷ്ട മാതൃകയിൽ സത്യവാങ്മൂലം സമർപ്പിക്കണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 60 പേര്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28389 ആയി. 886 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.