ഇടുക്കിയിൽ കൂടുതൽ പേർക്ക് കൊറോണയ്ക്ക് സാധ്യത; ആദ്യ സൂചന ഇന്ന്

പൈനാവ് : ഇടുക്കിക്ക് ഇന്ന് നിര്‍ണായകം. ജില്ലയില്‍ നിന്നും കൊറോണ പരിശോധനയ്ക്ക് അയച്ച 300 ഓളം ടെസ്റ്റുകളുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. അടുത്ത മൂന്നുദിവസത്തിനകം ജില്ലയില്‍ കൂടുതല്‍ പോസ്റ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്നതായും കളക്ടര്‍ സൂചിപ്പിച്ചു.

ജില്ലയില്‍ 45 പേരെ റാന്‍ഡം പരിശോധനയ്ക്ക് വിധേമാക്കിയപ്പോഴാണ് മൂന്നുപേര്‍ക്ക് രോഗം സ്ഥീരീകരിച്ചത്. ഞായറാഴ്ച നടത്തിയ പരിശോധനയുടെ ഫലമാണ് ലഭിച്ചത്. കൂടുതല്‍ റിസള്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നവരെയും ഉടനടി ക്വാറന്റീന്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.

പരിശോധനാഫലങ്ങള്‍ വൈകുന്നത് ഒഴിവാക്കും. നിലവില്‍ ഇടുക്കി ജില്ലയിലെ പരിശോധനകള്‍ നടത്തുന്നത് കോട്ടയത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് കൂടാതെ എറണാകുളത്തും ആലപ്പുഴയിലും ജില്ലയിലെ സ്രവ പരിശോധന നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതുവഴി റിസള്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകുമെന്ന് കളക്ടര്‍ സൂചിപ്പിച്ചു.