ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ ഓഫീസ് ഗാർഡിനു കൊറോണ സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ക്വാറന്റൈൻ ചെയ്യുകയും ഓഫീസ് അടയ്ക്കുകയും ചെയ്തു.
ഓഫീസ് ആണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടു. ഓഫിസിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും സാമ്പിളുകളുകൾ പരിശോധിക്കും. ഡൽഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസിൽ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാർഡിനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം എംയിംസിന്റെ ഡോ. ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാൻസർ സെന്റർ ആശുപത്രിയിലെ നേഴ്സിനും കൊറോണ സ്ഥിരീകരിച്ചതായി എംയിംസ് അധികൃതർ അറിയിച്ചു. ക്യാൻസർ സെന്ററിലെ ഡേകെയർ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്ന നേഴ്സിന്റെ രണ്ട് കുട്ടികൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.
സെക്യൂരിറ്റി ഗാർഡുമായും നഴ്സുമായും ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും സ്വയം ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപട്ടിക കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.