മാസ്ക് വേണ്ട; ആൾക്കൂട്ടം പ്രശ്നമല്ല; ലോക്ക് ഡൗൺ ബാധകമല്ല ; സ്വീകരണങ്ങൾ ഏറ്റുവാങ്ങി മധ്യപ്രദേശ് ആരോഗ്യമന്ത്രി

ഭോപ്പാൽ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ജന്മനാട്ടിൽ സ്വീകരണൾ ഏറ്റുവാങ്ങി മധ്യപ്രദേശ് ആരോഗ്യമന്ത്രി.
തന്റെ ജന്മാനാടായ ദാത്തിയയിൽ സന്ദർശനം നടത്തി ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുകയുമായിരുന്നു മധ്യപ്രദേശ് ആരോഗ്യ മന്ത്രി നരോത്തം മിശ്ര.

മാസ്ക് പോലും അണിയാതെയാണ് മന്ത്രിയും മറ്റുള്ളവരും പരിപാടിയിൽ പങ്കെടുത്തത്. അനുയായികൾക്കൊപ്പം വീട്ടിലെത്തിയ നരോത്തം മിശ്രയെ തിലകമണിഞ്ഞാണ് കുടുംബാംഗങ്ങൾ സ്വീകരിക്കുകയും തുടർന്ന് മധുരവിതരണം നടത്തുകയും ചെയ്തു.
ജന്മനാട്ടിലെ സ്വീകരണത്തിന് ശേഷം മാസ്ക് പോലും ധരിക്കാതെയാണ് മന്ത്രി ഓഫീസിൽ എത്തിയതും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരിക്കയാണ് മന്ത്രി തന്നെ പരസ്യമായി ഇത് ലംഘിച്ചത്.

ജനക്കൂട്ടത്തോടൊപ്പം മന്ത്രി പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം മധ്യപ്രദേശിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 2,090 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 145 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.