ഇന്ത്യയിലെ കൊറോണ തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ തുടരും: നരേന്ദ്രമോദി

ന്യൂഡെൽഹി: രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗൺ. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങൾ അല്ലാത്തിടത്ത് കൂടുതൽ ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊറോണ വ്യാപനം പിടിച്ചുനിർത്താനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അന്താരാഷ്ട്ര ഏജൻസികൾക്കും ഈ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാ സംസ്ഥാനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം പരമാവധി ഇളവുകൾ നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്നാണ് ഒഡിഷ ആവശ്യപ്പെട്ടത്. രാജ്യത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുമ്പോൾത്തന്നെ കേസുകളിൽ കുത്തനെ വർദ്ധനയുണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഒഡിഷ ആവശ്യപ്പെട്ടു. ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാർ ലോക്ക്‍ഡൗൺ പിൻവലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിലെല്ലാം മെയ് – 3 ന് ശേഷവും ലോക്ക്ഡൗൺ തുടരണമെന്നായിരുന്നു മേഘാലയയുടെ നിലപാട്. എന്നാൽ അതിഥിത്തൊഴിലാളികളുടെ കാര്യത്തിലാണ് പല സംസ്ഥാനങ്ങൾക്കും ആശങ്ക നിലനിൽക്കുന്നത്. സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അതിഥിത്തൊഴിലാളികളെ ബസ്സുകളയച്ച് തിരികെ കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാജസ്ഥാനിൽ നിരവധി കോച്ചിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനായി യുപി ബസ്സുകളയക്കുകയും ചെയ്തു. അപ്പോൾത്തന്നെ ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആ വിമർശനം ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആവർത്തിച്ചു. ഉത്തർപ്രദേശ് ലോക്ക്ഡൗൺ മാർഗനിർദേശം ലംഘിച്ചുവെന്നാണ് ബിഹാർ യോഗത്തിൽ ആരോപിച്ചത്. നേരത്തേ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പടെ അതിഥിത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരുന്നു. രോഗവ്യാപനം പടരാനുള്ള സാധ്യതയുണ്ടെന്നും, ഇത് ഒഴിവാക്കാൻ ജാഗ്രത വേണമെന്നും നിതിൻ ഗഡ്കരി ഇന്നലെ വ്യക്തമാക്കിയിരുന്നതുമാണ്.

നേരത്തേതന്നെ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങൾ സ്വീകരിച്ചെങ്കിലും ആ നിർദേശം നിലവിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ. പലയിടങ്ങളിലും നിലവിൽ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

എന്നാൽ നിലവിൽ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തിൽ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിക്കരുതെന്നും അമിത് ഷാ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, കൊറോണ പ്രതിരോധത്തിൽ ആശുപത്രികളുടെ പ്രവർത്തനത്തിൽ തടസ്സപ്പെടരുതെന്ന നിർദേശവും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ മുന്നോട്ടുവച്ചു. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനാൽ മിക്ക ആശുപത്രികളിലും മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയവർ ബുദ്ധിമുട്ടിലാകുകയാണ്. ഇത് പാടില്ല. കൊറോണയ്ക്കായി സജ്ജീകരിച്ച പ്രത്യേക ആശുപത്രികളിൽ മാത്രം കൊറോണ രോഗികളെ സജ്ജീകരിക്കണം. മറ്റുള്ള പ്രവർത്തനങ്ങൾ സാധാരണനിലയ്ക്ക് നടക്കണം – മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വെന്‍റിലേറ്ററുകളുടെ എണ്ണം സംസ്ഥാനങ്ങൾ കൂട്ടണമെന്നും, ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗൺ പിൻവലിക്കുമോ ഇല്ലയോ എന്നതിൽ ഒരു അന്തിമതീരുമാനം ഇനിയും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അത് പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെയക്കം നിലപാട് തേടിയാകും തീരുമാനിക്കുക.

രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് ആവർത്തിക്കുകയും ചെയ്തു.