ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1936 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,835 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. 6184 പേര്‍ കൊറോണ മുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 381 പേര്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത് 872 പേരാണ്. ഒറ്റദിവസത്തിനുള്ളില്‍ 48 പേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ പുതുതായി ഒരു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. കൊറോണ രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്കാണ് കൊറോണ സ്ഥിരികരിച്ചത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 3301 ആയി. ഗുജറാത്തില്‍ കൊറോണ മരണം 151 ആയി ഉയര്‍ന്നു.