പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തും; രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷം പേർ; അഞ്ചുലക്ഷം കടന്നേക്കും

തിരുവനന്തപുരം: പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ തുടങ്ങി. ഇന്ന് രാവിലെ ആറര വരെ 1.47 ലക്ഷം പേ‍‍ർ വെബ് സൈറ്റ് വഴി രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇക്കണക്കിന് കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. ഇത് ചിലപ്പോൾ കൂടിയാലും അൽഭുതപെടേണ്ട. വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോയവരും തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസ്ട്രേഷൻ സാങ്കേതിക കാരണങ്ങളാൽ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് വഴി ച‍ർച്ച നടത്തിയിരുന്നു.

ഒരുലക്ഷം പേരെങ്കിലും കൊറോണ പ്രതിസന്ധിയെ തുട‍ർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാൽ നോ‍ർക്ക വെബ്സൈറ്റിൽ രജിസട്രേഷൻ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ ഒന്നരലക്ഷത്തോളം പ‍േ‍ർ മടങ്ങി വരാൻ താത്പര്യമറിയിച്ച് പേര് രജിസ്റ്റ‍ർ ചെയ്തതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക എന്നാണ് സൂചന.

തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷൻ നടത്തുന്നത്. ആദ്യം രജിസ്റ്റ‌ർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സർക്കാർ പറയുന്നത്. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന.