മൂന്നു ലക്ഷം മലയാളികൾ ഗൾഫിൽ ജോലി നഷ്ടമായി തിരികെയെത്തുമെന്ന് വിദഗ്ധൻ

തിരുവനന്തപുരം : രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ മലയാളികള്‍ കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രം സെപ്തംബറോടെ സംസ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്.

കൊറോണ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ഗള്‍ഫിലുള്ളവര്‍ നിരവിധി വെല്ലുവിളികളാണ് നേരിടേണ്ടി വരിക. ഇത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുകയെന്ന് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച വിദഗ്ധ സമിതി അംഗമായ ഇരുദയ രാജന്‍ അഭിപ്രായപ്പെട്ടു.

കൊറോണ പ്രതിസന്ധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത് സംസ്ഥാനത്തെ ബാധിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒന്നോ രണ്ടോ വര്‍ഷത്തിനകം ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതോടെ ബഹുഭൂരിപക്ഷം പ്രവാസികളും തിരിച്ചുപോകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ ഉണ്ടായിട്ടുള്ളവയേക്കാള്‍ ഗുരതരമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രവാസികള്‍ നേരിടുന്നതെന്ന്, കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദഗ്ധന്‍ എസ് ഇരുദയരാജന്‍ വിലയിരുത്തുന്നു.