ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അഭ്യർത്ഥന മാനിച്ചു കൊറോണ രോഗം ഭേദമായ 200 തബ് ലീഗ് ജമാഅത്ത് അംഗങ്ങൾ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു.
“ദൈവം ആരിലും വേർതിരിവ് കാണിക്കുന്നില്ല. വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നമ്മൾ ആളുകളെ വേർതിരിക്കുന്നത്. ഏത് മതത്തിൽ വിശ്വസിക്കുവരെയും കൊറോണ വൈറസ് ബാധിക്കാം. എന്നാൽ ഒരു ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് ഒരു മുസ്ലീമിനെയും തിരിച്ചും ജീവൻ രക്ഷിക്കാൻ സാധിക്കും” എന്നായിരുന്നു കേ ജരിവാർ പറഞ്ഞത്.
“പിന്നെന്തിനാണ് നമ്മൾ മതിലുകൾ സൃഷ്ടിക്കുന്നത്. എല്ലാവരും ഒന്നിച്ചു നിൽക്കുന്നതിനാൽ ആർക്കും നമ്മളെ തോൽപ്പിക്കാനാകില്ല. ഭിന്നിച്ചുനിന്നാൽ ഈ യുദ്ധത്തിൽ നമ്മൾ പരാജയപ്പെടും”.
കേജരിവാളിൻ്റെ ഈ വാക്കുകളാണ് തങ്ങളെ പ്ലാസ്മ ദാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സന്നദ്ധരായി വന്ന 200 തബ് ലീഗ് അംഗങ്ങൾ പറഞ്ഞു. എന്നാൽ ഇവരെ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇവരിൽ നിന്നും പ്ലാസ്മ ശേഖരിക്കുകയുള്ളൂയെന്ന് ഡൽഹി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡൽഹി നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2,300 തബ് ലീഗ് ജമാഅത്ത് അംഗങ്ങളിൽ 1,080 പേരിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ 869 പേർ രോഗം ഭേദമായി. ഇവരിൽ 200 പേരാണ് ഇപ്പോൾ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരിൽ മാത്രമേ പ്ലാസ്മ തെറാപ്പി നടത്തുകയുള്ളുവെന്ന് ഡെൽഹി ആരോഗ്യ വകുപ്പ് അധിക്യതർ വ്യക്തമാക്കി. കൊറോണഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ പ്ലാസമ ശേഖരിച്ചു വൈറസ് ബാധിതരെ ചികിൽസിക്കുന്നത്.