കേരളത്തിൽ 13 പേർക്ക് കൊറോണ ; കോട്ടയത്ത് ആറും ഇടുക്കിയിൽ നാലും പേർക്ക് രോഗബാധ

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊറോണ സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊറോണ പോസിറ്റീവായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് എത്തിയതാണ് ഒരാൾ. മറ്റൊരാൾക്ക് എങ്ങനെയാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾക്കും ഏറ്റവുമൊടുവിലെ ടെസ്റ്റിൽ നെഗറ്റീവായി ആയി. സംസ്ഥാനത്ത് ഇതുവരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23,271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ഈ മാസം 21വരെ കേരളത്തിലെ കേസുകളുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നു. അതിർത്തി കടന്ന് വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയരാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.