മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭീതി; ഇന്ത്യയിൽ കൊറോണ ബാധിതർ കാല്‍ ലക്ഷം

ന്യൂഡെല്‍ഹി : രാജ്യത്ത് കൊറോണ മരണം 824 ആയി. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26,496 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നാലു ദിവസത്തിനിടെ 5000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവര്‍ 5804 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊറോണ വ്യാപനം ഉയര്‍ന്നതോടെ സ്ഥിതി ഗുരുതരമായി.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1834 പുതിയ കേസുകളില്‍ 1067 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 323 പേരാണ് മരിച്ചത്.

മരണത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഗുജറാത്താണ്. ഇവിടെ 133 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 99 ആളുകളും ഡല്‍ഹിയില്‍ 54 പേരും രാജസ്ഥാനില്‍ 33 രോഗികളും മരിച്ചു.