കനത്ത മഴ: നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ കാലാവസ്ഥ നീരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 26-ന് ഇടുക്കി, 27-ന് കോട്ടയം, 28-ന് പത്തനംതിട്ട, 29-ന് കോട്ടയം, 30-ന് വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും യെല്ലോ അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മിലിമീറ്റർ മുതൽ 115.5 മിലിമീറ്റർ വരെ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.