ഇടുക്കി: ഇടുക്കിയില്‍ വനിതാ ഡോക്ടര്‍ക്ക് കൊറോണ പകര്‍ന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നും. ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൈസൂരില്‍ നിന്നും എത്തിയ കൊറോണ രോഗിയുടെ അമ്മയെ ചികിത്സിച്ച 41 കാരിയായ വനിതാ ഡോക്ടര്‍ക്കാണ് ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി. ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും വണ്ടന്മേട്, ഉപ്പുകണ്ടം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വണ്ടന്മേട്ടില് 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന് മലപ്പുറത്ത് നിന്ന് പനി ലക്ഷണങ്ങളോടെ വീട്ടില്‍ എത്തി. ബൈക്കിലായിരുന്നു വന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു. ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50കാരനാണ് മറ്റൊരു രോഗബാധിതൻ. മാര്‍ച്ച് 15ന് ജര്‍മനിയില്‍ നിന്നു സ്പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതാകയാല് സാധാരണ രീതിയില്‍ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.