കോഴിക്കോട്; പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന് പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസ്(19) ആണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് യുവാവ് ചെയ്യുക. പിന്നീട് ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും. ഇത് അറിഞ്ഞ് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഇയാള്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് ആവശ്യപ്പെടുക.
വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഇതിനെക്കുറിച്ച് പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.