തിരുവനന്തപുരം: കൊറോണ വ്യാപനത്തിന് ശമനമുണ്ടായാലും പ്രായമായവരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ വേണ്ടി കേരളം റിവേഴ്സ് ക്വാറന്റെൻ നടപ്പിലാക്കാൻ തുടങ്ങുന്നു. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ, സാമൂഹികനീതി, സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പുകളാണ് ഇതിന്റെ ഭാഗമാകാൻ പോകുന്നത്.
രോഗസാധ്യതയുള്ള പ്രായമായവർ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് റിവേഴ്സ് ക്വാറന്റെന്റെ ലക്ഷ്യം.
കൊറോണ ബാധിച്ചാൽ അപകട സാധ്യത ഉള്ളവരെയും മരണസാധ്യത കൂടുതലുള്ളവരെയും ഇതിന്റെ ഭാഗമായി പൂർണമായി നിരീക്ഷണത്തിൽ കൊണ്ടുവരും. ഇവരിൽ തന്നെ ഹൃദ്രോഗികൾ, മറ്റേതെങ്കിലും അവയവങ്ങൾക്ക് തകരാറുള്ളവർ, അർബുദരോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ പ്രത്യേകം നിരീക്ഷണത്തിലാക്കും. സഹായമാവശ്യമുള്ളവർക്ക് മരുന്നടക്കമുള്ള സേവനങ്ങൾ വീട്ടിലെത്തിക്കാനുമാണ് ആലോചന.
പ്രായമായവർക്ക് സ്വന്തം വീടുകളിൽ നോക്കാനാളില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിലോ സംരക്ഷണമൊരുക്കും.
പ്രായമായവരിൽ രോഗം വേഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള സർവേക്ക് അങ്കണവാടി പ്രവർത്തകരെ നിയോഗിച്ചു തുടങ്ങി.
വയോജനങ്ങളിൽ 59 ശതമാനവും വിവിധ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണെന്നും 10 ശതമാനം അർബുദ, ഹൃദ്രോഗചികിത്സയിലുള്ളവരാണെന്ന്മാണ് പ്രാഥമിക സർവേയിൽ കണ്ടെത്തിയത്.
45 ലക്ഷത്തോളം വൃദ്ധജനങ്ങളാണ് കേരളത്തിലുള്ളത്. ഇവർ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയാണ് എന്നതാണ് ലക്ഷ്യമെന്നു സാമൂഹിക സുരക്ഷാമിഷന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.
കൊറോണ ബാധിക്കുന്ന 80-നുമേൽ പ്രായമായവരിൽ മരണനിരക്ക് 36 ശതമാനം വരെയാണ്. പ്രായമായവരിൽ വൈറസ് വ്യാപനം അതിവേഗമായതിനാലാണ് റിവേഴ്‌സ് ക്വാറന്റെൻ നടപ്പാക്കാൻ ആലോചിച്ചത്.