കോട്ടയം: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ആരോഗ്യപ്രവർത്തകന്റെ രോഗവിവരം ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഇയാളുടെ അമ്മയ്ക്കും കോറൊണ പോസിറ്റീവാണ്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് 22 വരെയാണ് സേവനം ചെയ്തത്.
സമ്പർക്കം വഴിയാകാം ഇദ്ദേഹത്തിന് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. മാർച്ച് 22 ന് ശേഷം ഒരുമാസം കഴിഞ്ഞാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഒരു മാസത്തിനിടയിൽ അദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്നവരുടെ എണ്ണം റെക്കോർഡിൽ രേഖപ്പെടുത്തിയതിലും കൂടുതലാവാനാണ് സാധ്യത.
ഒന്നു മുതൽ 14 ദിവസം വരെയാണ് കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരീഡ്. അതായത് ശരീരത്തിൽ വൈറസ് കയറിയ ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കാൻ 14 ദിവസം വരെ എടുക്കാം. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ക്വാറന്റൈൻ കാലാവധി ഇപ്പോൾ 14 ദിവസമാണ്. എന്നാലിപ്പോൾ 24 ദിവസത്തെ ക്വാറന്റൈൻ കാലാവധിയാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. കോട്ടയത്തെ ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത് 30 ദിവസത്തിന് ശേഷമാണെന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇങ്ങനെപോയാൽ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്ന മെയ് മൂന്നിന് ശേഷവും കനത്ത നിയന്ത്രണത്തിലേക്ക് സംസ്ഥാനവും രാജ്യവും പോകേണ്ടിവരുമെന്നാണ് സൂചന.