ബെയ്ജിങ്: കൊറോണ വൈറസിനെതിരെയുള്ള റിസസ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയെന്ന് ചൈന. ഏപ്രിൽ 16നാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയത്. ഇതിൻ്റെ ഫലം കാത്തിരിക്കുകയാണ് ഗവേഷകർ.
നേരത്തേ നോവൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ റിസസ് കുരങ്ങുകളിൽ പരീക്ഷണം നടത്തിയത് വൻ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി.എട്ടു കുരങ്ങുകളിൽ നാലെണ്ണത്തിനു കൂടിയ അളവിലും നാലെണ്ണത്തിന് ചെറിയ തോതിലുമാണ് വാക്സിൻ നൽകിയത്. കൂടുതൽ അളവിൽ വാക്സിൻ നൽകിയ നാലു കുരങ്ങുകളിലാണ് മികച്ച ഫലം കണ്ടെത്താനായത്. വൈറസുകൾ കുത്തിവച്ച് ഏഴു ദിവസത്തിനു ശേഷവും ഇവരുടെ ശ്വാസകോശത്തിലോ കണ്ഠനാളത്തിലോ വൈറസിന്റെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. കുറഞ്ഞ അളവിൽ വാക്സിൻ നൽകിയ കുരങ്ങുകൾ ചെറിയ തോതിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അണുബാധ നിയന്ത്രിക്കാനായി എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ വാക്സിൻ നൽകാത്ത നാലു കുരങ്ങുകൾക്ക് വൈറസിൽ നിന്ന് രോഗബാധയും കടുത്ത ന്യുമോണിയയും ഉണ്ടായി.
ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നിൽ.ഈ പരീക്ഷണ ഫലങ്ങൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും മനുഷ്യനിലും ഇത് വിജയം കാണുമെന്നു പ്രതീക്ഷിക്കുന്നതായും സിനോവാക് സീനിയർ ഡയറക്ടർ മെങ് വെയ്നിങ് പറഞ്ഞു. ഏപ്രിൽ 19നാണ് സിനോവാക് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതിന് മുമ്പാണ് വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചത്.
രണ്ട് വ്യത്യസ്ത അളവുകളിൽ വാക്സിൻ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളിൽ കുത്തിവച്ചു. വാക്സിൻ നൽകി മൂന്നാഴ്ചയ്ക്കു ശേഷം കൊറോണയ്ക്ക് കാരണമായ സാർസ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതിലൂടെ പരീക്ഷണം വിജയകരമാണെന്ന അന്തിമ ഫലത്തിലേക്ക് എത്തുകയായിരുന്നു.
എന്നാൽ പരീക്ഷണത്തിന് ഉപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായതിനാൽ ഇത് പൂർണ വിജയമായി കാണാൻ സാധിക്കില്ലെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. വൈറസുകൾ കുരങ്ങുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ മനുഷ്യരിലേക്കാൾ വളരെ കുറവാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതുപോലെ മനുഷ്യ ശരീരത്തിൽ സാർസ് കോവ് 2 ഉണ്ടാക്കുന്ന രോഗലക്ഷണങ്ങൾ മൃഗങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ കടുത്തതാണെന്നും വാദമുണ്ട്. മാത്രമല്ല ഭാഗികമായി സുരക്ഷിതത്വം നൽകുന്നു എന്നതും ആശങ്ക ഉളവാക്കുന്നുണ്ടെന്നാണ് ചില ഗവേഷകർ പറയുന്നത്. നേരത്തെ ഇത്തരത്തിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി അവയിൽ ശ്വാസകോശ പ്രശ്നങ്ങളും മറ്റും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് സിനോവാക് പറയുന്നത്. സാർസ് കോവ് 2 വൈറസുകളെ കുറിച്ച് പഠിക്കാൻ ഏറ്റവും നല്ല മൃഗമോഡലാണ് ഇതെന്ന് സിനോവാക് പ്രബന്ധത്തിൽ വിശദീകരിക്കുന്നു. വാക്സിൻ നൽകാത്ത കുരങ്ങുകളിൽ കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചതായി പറയുന്നത് ഈ പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളെ തള്ളിക്കളയുവാനും പ്രേരിപ്പിക്കുന്നു.
കുരങ്ങുകളിലെ പരീക്ഷണം വിജയിച്ചതിനു പിന്നാലെ ജിയാങ്സു പ്രവിശ്യയിൽ സാൻവാക് ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. 144 വോളന്റിയർമാരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. കൂടുതൽ അളവിലും കുറഞ്ഞ അളവിലും തുല്യമായി വാക്സിനുകൾ കുത്തിവയ്ക്കും. ആയിരത്തിലധികം ആളുകളെ ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ട പരീക്ഷണം മേയ് പകുതിയോടെ ആരംഭിക്കും.