പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാമെന്ന് കേന്ദ്രം

ന്യൂഡൽഹി: വിദേശകാര്യ, ആരോഗ്യമന്താലയങ്ങളുടെ അനുമതിയോടെ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിൽ തിരിച്ച് എത്തിക്കാൻ വഴിയൊരുങ്ങി. അതേസമയം കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. കൊറോണ രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്. വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിറങ്ങിയതോടെ ഈ ദിവസങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവും.

ഇതിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തിൽ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.