മാനന്തവാടി : ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. അക്കൗണ്ടന്റായി യുഎഇയിൽ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ ഉടമയായി മാറിയ അറയ്ക്കൽ ജോയിയെ കപ്പൽ മുതലാളിയെന്നും നാട്ടുകാർ സ്നേഹപൂർവം വിളിച്ചു.
മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കണമെന്ന പ്രാർഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കൽ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികൾ നിലവിലുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ മാനന്തവാടിയിലെ അറയ്ക്കൽ പാലസിലേയ്ക്ക് 2018 ഡിസംബർ 29 നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.
45,000 ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു.
കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയയാളായതിനാൽ കപ്പൽജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി. മധ്യപൂർവേഷ്യയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകാനായി ചരക്കുകപ്പലുകൾ സ്വന്തമാക്കി. സംഘർഷഭരിതമായ മേഖലകളിലേക്ക് വലിയ വെല്ലുവിളിയേറ്റെടുത്തു ജോയിയുടെ എണ്ണക്കപ്പലുകൾ യുദ്ധസമയത്തും പാഞ്ഞു.