കൊച്ചി: സ്പ്രിംഗ്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറാവാത്ത സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സ്പ്രിംഗ്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്ലർ കേസിലെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിരാകരിക്കുന്നതാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
“വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ല. വിശദമായി പറയാനാവില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം കരാർ റദ്ദാക്കണം അല്ലെങ്കിൽ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കരാറുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിനോട് പറഞ്ഞു. ആ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഡാറ്റാ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത്. അക്കാര്യത്തിൽ മറ്റെന്തെങ്കിലും വീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വാദത്തിന്റെ ഘട്ടത്തിൽ കോടതി പലതും ചോദിക്കും. അത് കോടതിയുടെ നിലപാടല്ല. ഇടക്കാല ഉത്തരവ് സുവ്യക്തമാണ്. അത് സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ പല സ്വാതന്ത്ര്യങ്ങളും മൗലികാവകശാങ്ങളും ഇല്ലാതായത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ്. ആ പ്രത്യേകത ഉൾക്കൊണ്ട് വേണം പോകേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി ഉത്തരവ് വ്യക്തമായ ശേഷം മറ്റ് കാര്യത്തിലേക്ക് കടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.