കൊച്ചി: വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ജില്ലാ തലത്തില്‍ പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ് കർമ്മപദ്ധതിക്ക് രൂപം നൽകാൻ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ല ഭരണകൂടത്തിന്റെ പരിഗണനയില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ജില്ല കളക്ടര്‍ വഴി സര്‍ക്കാരിലേക്ക് കര്‍മ പദ്ധതി സമര്‍പ്പിക്കാനാണ് തീരുമാനം.