ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷക സർക്കാരിനായി വാദിച്ചു; സ്പ്രിംഗ്ലർ ഇല്ലാതെ കൊറോണ പ്രതിരോധം സാധ്യമല്ലെന്ന് സർക്കാരും

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാർ സ്പ്രിംഗ്ലർ കേസിൽ ഹൈക്കോടതിയിൽ പിടിച്ചുനിൽപിന് വാദിക്കാൻ കൊണ്ടുവന്നത്
മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സുപ്രിം കോടതി അഭിഭാഷകയായ അഡ്വ. എൻ എസ് നാപ്പിനൈയെ. ഭരണഘടന, ക്രിമിനൽ, ഐ പി ആർ, സൈബർ നിയമങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള 29 വർഷത്തെ പരിചയ സമ്പത്തുള്ള മുതിർന്ന അഭിഭാഷകയാണ് അഡ്വ. എൻ എസ് നാപ്പിനൈ.വീഡിയോ കോൺഫറൻസിലൂടെ ഇവർ വാദിച്ചതോ സ്പ്രിംഗ്ലർ ഇല്ലാതെ സർക്കാരിന് കൊറോണ പ്രതിരോധം അസാധ്യമെന്നും.

സർക്കാർ ചിലവ് ചുരുക്കാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ തേടുകയും നികുതി ഉൾപ്പെടെയുള്ള വരുമാന മാർഗ്ഗങ്ങൾ അടയുകയും ചെയ്തിരിക്കെ അനവധി സർക്കാർ അഭിഭാഷകരെ നോക്കുകുത്തിയായി നിർത്തിയാണ് അതിഥി അഭിഭാഷകയെ രംഗത്തിറക്കിയത്.ഇതിൻ്റെ ധൂർത്തും ഉദ്ദേശ്യലക്ഷ്യവും ഒരുപോലെ പരിഹാസ്യമാണെന്ന ആരോപണമാണ് ഉയരുന്നത്. ഇവർക്കായി ചിലവാക്കിയ തുക എത്രയെന്നു വരും ദിവസങ്ങളിൽ അറിയാം.

രാജ്യത്തെ പ്രമുഖ സൈബർ നിയമവിദഗ്ദ്ധ എന്ന നിലയിലാണ് നാപ്പിനൈയെ രംഗത്തിറക്കിയതെന്നാണ് സർക്കാർ വാദമെങ്കിലും സർക്കാർ പ്രതിക്കൂട്ടിലായ സ്പ്രിംഗ്ലർ ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നു കോടതിയെ ബോധിപ്പിക്കാനായിരുന്നു നാപ്പിനൈയെ രംഗത്തിറക്കിയത്.

എന്നാൽ സർക്കാർ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.