കോഴിക്കോട് : കൊറോണ ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു കുട്ടി ചികില്‍സയിലിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.
മഞ്ചേരി പയ്യനാട് സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററിലാക്കിയിരുന്നു. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ഹൃദ്‌രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.