സ്പ്രിം​ഗ്ലര്‍: സിപിഐ അതൃപ്തി അറിയിച്ച് കാനം കോടിയേരിയെ കണ്ടു; മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയത് ശരിയല്ലെന്ന് നിലപാട്

തിരുവനന്തപുരം : സ്പ്രിം​ഗ്ളര്‍ കരാർ വിഷയത്തിൽ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയായില്ലെന്നാണ് സിപിഐയുടെ നിലപാട്. സിപിഐയ്ക്കുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എകെജി സെന്ററില്‍ നേരിട്ടെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് അറിയിച്ചു.

നേരത്തെ ഐടി സെക്രട്ടറി ശിവശങ്കര്‍ എംഎന്‍ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ശിവശങ്കര്‍ എംഎന്‍ സ്മാരകത്തിലെത്തിയത്. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കാനത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു. സിപ്രിം​ഗ്ളര്‍ കരാറില്‍ കാനം രാജേന്ദ്രന്‍ നേരത്തെ കോടിയേരിയെ ഫോണില്‍ വിളിച്ച്‌ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കിയത്.

കരാര്‍ ഇടതു നിലപാടിന് വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചാണ് സിപിഐ മുന്നോട്ട് പോകുന്നത്. മന്ത്രിസഭയെയും നിയമവകുപ്പിനെയും അറിയിക്കാതിരുന്നത് ശരിയായില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാര്‍ പാടില്ല. ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.
അതേസമയം കൊറോണ പ്രശ്നം ഒതുങ്ങിയശേഷം വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കോടിയേരി കാനത്തെ അറിയിച്ചതായാണ് സൂചന.