കൊറോണ ഡ്യൂട്ടിയിലുള്ള ഡോക്ടർക്കും പോലീസുകാരനും കല്ലേറില്‍ പരിക്ക്

ഭോപ്പാല്‍: കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ ഡോക്ടര്‍ക്കും പൊലീസുകാരനും നേരെ മര്‍ദ്ദനം. കൊറോണ ഡ്യൂട്ടിയിലുണ്ടായിരന്ന ഡോക്ടറെയും പൊലീസ് ഉദ്യോഗസ്ഥനെയുമാണ് വീട്ടിലെത്തിയപ്പോള്‍ അച്ഛനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

മധ്യപ്രദേശില്‍ ഇത് അഞ്ചാം തവണയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഭോപ്പാലില്‍ നിന്ന് 370 കിലോമീറ്റര്‍ അകെലയുള്ള ഷിയാപ്പൂര്‍ ജില്ലയിലെ ഗസ്വാനി ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം. ഗോപാല്‍ എന്ന കര്‍ഷകനും മക്കളുമാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളുടെ മകന്‍ കഴിഞ്ഞ ദിവസം സമീപത്തുളള ജില്ലയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ വീട്ടിലെത്തിയത്.

എന്നാല്‍ പരിശോധന നടത്താന്‍ കുടുംബാംഗങ്ങള്‍ ഡോക്ടറെ അനുവദിച്ചില്ല. ഡോക്ടറുമായി സഹകരിക്കുന്നതിന് പകരം ഇവര്‍ കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടപ്പോള്‍ പൊലീസുകാരന് കല്ലേറില്‍ സാരമായി പരിക്കേറ്റു. സംഭവവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് ഗോപാല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരുന്നു. ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കൊറോണയ്ക്ക് പിന്നാലെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ശല്യം ചെയ്യുന്നവര്‍ക്കുമെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആക്രമിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് 1987ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തുക. ഒരുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.