ഇന്ത്യയിൽ 21700 പേർക്ക് കൊറോണ: മരണസംഖ്യ 686

ന്യൂഡെൽഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 22000ലേക്ക് അടുക്കുന്നു. 21700 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1229 പോസിറ്റീവ് കേസുകളും 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊറോണ മരണം 686 ആയി.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഞ്ച് ലക്ഷം പരിശോധന ഇന്ത്യ നടത്തിയപ്പോള്‍ 20000 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചതെങ്കില്‍ 80000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 28 ദിവസമായി രാജ്യത്തെ 12 ജില്ലകളില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ അഞ്ച് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 78 ജില്ലകളില്‍ 14 ദിവസമായി പുതിയ കേസുകളില്ല. രോഗം ഭേദമാകുന്നതിന്റെ നിരക്ക് 19.89 ശതമാനമായി ഉയര്‍ന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 217 പുതിയ കേസുകളും ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2624 ആണ്. മരണസംഖ്യ 112 ആയി. ഡല്‍ഹിയില്‍ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 92 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്ത 49 പുതിയ കേസുകളില്‍ ഇരുപതും ജോധ്പുരിലാണ്. കൊറോണ ബാധിതരുടെ എണ്ണം 1937 ആയി. ഉത്തര്‍പ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം 1507 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ കൊറോണ കേസുകള്‍ ആയിരത്തിലേക്ക് അടുക്കുകയാണ്. ഗുജറാത്ത് തീരത്ത് കുടുങ്ങിക്കിടക്കുന്ന ആന്ധ്രയില്‍ നിന്നുള്ള ആറായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു.