ന്യൂഡെൽഹി: ലോക് ഡൗണിനെ തുടർന്ന് അന്തരീക്ഷ വായുമലീനീകരണത്തിന്റെ തോത് കുറഞ്ഞതായി
നാസ. തലസ്ഥാനനഗരമായ ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യയിൽ എല്ലായിടങ്ങളും വായുമലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞതായാണ് യുഎസ് ബഹിരാകാശഗവേഷണകേന്ദ്രമായ നാസ(NASA)പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അന്തരീക്ഷത്തിൽ കാണപ്പെടുന്ന എയറോസോളുകളുടെ(വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മകണികകൾ)അളവിൽ വളരെ കുറവ് വന്നതായാണ് കണ്ടെത്തിരിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്നാണ് ഇങ്ങനെ ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു. കഴിഞ്ഞ 20 കൊല്ലത്തിനിടെ എയറോസോളിന്റെ അളവിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയതായി നാസയിലെ ശാസ്ത്രജ്ഞനായ പവൻ ഗുപ്ത പറഞ്ഞു. ഇന്തോ-ഗംഗാ നിരപ്പിൽ ഇങ്ങനെയൊരു കുറവ് താനിത് വരെ കണ്ടിട്ടില്ലെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഇതോടെ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90- ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം നിർത്തിവെച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ വീണ്ടും പഴയ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകാമെന്നും അതനുസരിച്ച് പ്രവർത്തിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും നാസയുടെ മോഡിസ് എയറസോൾ പ്രൊഡക്ട്സിന്റെ പ്രോഗ്രാം ഹെഡായ റോബർട്ട് ലെവി മുന്നറിയിപ്പ് നൽകുന്നു.