തിരുവനന്തപുരം: സാലറി ചലഞ്ച് ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ സാലറി ചലഞ്ചിന് പകരം മറ്റുവഴികൾ സർക്കാർ പരിഗണനയിലുണ്ട്. ഡിഎ കുടിശിക മരവിപ്പിക്കലോ അഞ്ച് ദിവസത്തെ ശമ്പളം പിടിക്കലോ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമുണ്ടാകും.
ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ ഒരു വിഭാഗത്തിൽ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കാത്തതാണ് സാലറി ചലഞ്ച് ഒഴിവാക്കാൻ കാരണം. നേരത്തെ ജീവനക്കാരുടെ ശമ്പള വിതരണം മറ്റു സംസ്ഥാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കി തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
നേരത്തെ സാലറി ചലഞ്ചിനെതിരെ ചെറിയ രീതിയിൽ എതിർപ്പുകളുണ്ടായിരുന്നു. സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഐഎംഎ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് പാടില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു.