കൊല്ലം: തെങ്കാശിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ച കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ സഞ്ചാരപഥം കണ്ടെത്താനാകാതെ വെള്ളം കുടിച്ച് ആരോഗ്യ വകുപ്പ് . തമിഴ്നാട്ടിൽ കൊറോണ സമൂഹ വ്യാപനം ഉണ്ടായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയ കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ 31 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇയാളെയും സമ്പർക്കമുള്ള ബന്ധുവിനെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ജില്ലയിലെ 10 പേർക്കാണു രോഗം ബാധിച്ചത്. 4 പേർ ആശുപത്രി വിട്ടു. 6 പേർ ചികിത്സയിലാണ്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുളത്തൂപ്പുഴ സ്വദേശിയായ അമ്മയോടൊപ്പമാണു പുളിയങ്കുടിയിലേക്കു പോയത്. ചടങ്ങിൽ പങ്കെടുത്ത ശേഷം പിറ്റേന്ന് അമ്മയെ അവിടെ നിർത്തിയ ശേഷം മടങ്ങിയെങ്കിലും പിന്നീടും അങ്ങോട്ടേക്കു പോയി. നടന്നും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ് വാനുകളിലും മറ്റുമായിട്ടായിരുന്നു യാത്ര.
മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 14 പേർക്കു തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കുളത്തൂപ്പുഴ സ്വദേശി പങ്കെടുത്ത വിവരം അമ്മയിൽ നിന്നു ലഭിച്ചത്. തുടർന്നു തമിഴ്നാട് പൊലീസ് കേരള പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇയാളുടെ മാതൃസഹോദരനെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
ഇടിയപ്പത്തിന്റെ നൂലുകൾ പോലെയാണു യാത്രകൾ കൂടിക്കുഴഞ്ഞുകിടക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ. പുളിയങ്കുടിയിൽ നിന്ന് ഇയാൾ മടങ്ങിയതു കാൽനടയായും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ്പ് വാനുകളിലും മറ്റുമായാണ്.
കാൽനടയായി വരവെ ഏതെങ്കിലും കടകളിൽ കയറിയോ, പിക്കപ് വാനിലെ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുന്നതേയുള്ളൂ. ഇയാൾ നൽകിയ വിവരം അനുസരിച്ചു ബന്ധുക്കൾ ഉൾപ്പെടെ 9 പേരുടെ സ്രവം പരിശോധനയ്ക്കു ശേഖരിച്ചു
തെക്കൻ കേരളത്തിലെ തമിഴ്നാടൻ അതിർത്തി മേഖലകളിൽ അതീവജാഗ്രതയിൽ. അതിർത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ജില്ലകളിലെ രോഗം വ്യാപിക്കുകയും വനത്തിലൂടെയും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പലരും അതിർത്തി കടക്കുന്നത് പതിവാകുകയും ചെയ്തതോടെയാണ് കിഴക്കൻ മേഖലയിൽ ജാഗ്രത ശക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച അതിർത്തി പ്രദേശമായ കുളത്തൂപ്പുഴയിൽ നിന്നും തമിഴ്നാട്ടിലെ പുളിയൻക്കുടിയിലെ ഒരു മരണാനന്തരചടങ്ങിൽ പോയി പങ്കെടുത്ത് മടങ്ങി വന്ന യുവാവിന് കൊറോണ സ്ഥിരീകരിച്ചോടെ പ്രദേശമാകെ കൊറോണ ഭീതിയിലാണ്. കൊറോണ വ്യാപനം ശക്തമായ തമിഴ്നാട്ടിൽ പോയി വന്ന കാര്യം മറച്ചു വച്ച യുവാവ് എല്ലാവരുമായി അടുത്ത് ഇടപഴകിയിരുന്നു എന്നാണ് വിവരം.
കൊല്ലത്തോട് അതിർത്തി പങ്കിടുന്ന തെങ്കാശിയിൽ 31 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 28 പേരും പുളിയൻകുടിയിൽ ഉള്ളവരാണ്. ഇവിടെ നടന്ന ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേക്കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കുളത്തൂപ്പുഴയിൽ നിന്നുമുള്ള യുവാവ് അതിർത്തി കടന്നു സംസ്കാര ചടങ്ങിന് എത്തിയവിവരം പുറത്തറിയുന്നത്.