കയ്പമംഗലത്ത് കൊക്കെയ്ൻ വിൽപ്പന; ആറു യുവാക്കൾ അറസ്റ്റിൽ

തൃശൂർ: ലോക്ക്ഡൗൺ സമയത്തും കയ്പമംഗലം കേന്ദ്രീകരിച്ച് ലഹരിമരുന്നായ കൊക്കെയ്ൻ ഉപയോഗവും വിൽപ്പനയും നടത്തിയ ആറു യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം ദേവമംഗലം സ്വദേശി കുടിലിങ്ങൽ സന്ദേശ് (19), മൂന്നുപീടിക മഹ്ളറ സ്വദേശി കടവിൽ മുഹമ്മദ് ഫസൽ (20), ചളിങ്ങാട് സ്വദേശി അദ്നാൻ (20), ചളിങ്ങാട് സ്വദേശി മുടവൻകാട്ടിൽ നാദിർഷ (19), മതിലകം ത്രിവേണി സ്വദേശി തറയിൽ വിഷ്ണു (21), മതിലകം ഊമൻതറ വെളിയത്ത് അഖിൽ (21) എന്നിവരെയാണ് എസ്.ഐ. സുബിന്ദും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

വിൽപ്പനക്കായി തയ്യാറാക്കിയ കൊക്കെയ്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദേശിനെയും മുഹമ്മദ് ഫസലിനെയുമാണ് കയ്പമംഗലം വഴിയമ്പലത്ത് നിന്ന് ആദ്യം പിടികൂടിയത്. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റുള്ളവരെ കൂടി കണ്ടെത്തിയത്. 2500 രൂപ വില വരുന്ന അര ഗ്രാം തൂക്കമുള്ള പൊതികളിലാക്കിയായിരുന്നു വിൽപ്പനയെന്ന് പോലീസ് പറഞ്ഞു. പിടിയിലായ അഖിലും കൊടുങ്ങല്ലൂർ സ്വദേശിയായ മറ്റൊരാളും ചേർന്ന് എറണാകുളത്തുനിന്നാണ് കൊക്കെയ്ൻ എത്തിച്ചിരുന്നത്.

ഇവർ കൊക്കെയ്നു പുറമേ കഞ്ചാവ്, എം.ഡി.എം., ഹാഷിഷ് തുടങ്ങിയവയും ഉപയോഗിക്കുന്നവരാണെന്നും അന്വേഷണസംഘം പറഞ്ഞു. ചളിങ്ങാട്, കൂരിക്കുഴി, വഴിയമ്പലം, മതിലകം മേഖലയിൽ ധാരാളം യുവാക്കൾക്ക് കൊക്കെയ്നും കഞ്ചാവും എത്തിച്ചുകൊടുത്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരുടെ മൊബൈൽ ഫോണിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന അമ്പതോളം പേരുടെ നമ്പരുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണമുണ്ടായേക്കും.