പൂനെ: പൂനെയിലെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ റൂബി ഹാൾ ക്ലിനിക്കിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ 25 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മലയാളികൾ ഉൾപ്പെടുന്ന 19 നഴ്സുമാർക്കും 6 മറ്റ് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി റൂബിഹാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭോമി ഭോതെ അറിയിച്ചു. രോഗികളെ പരിചരിച്ച നഴ്സുമാർക്കും അറ്റൻഡർമാർക്കുമാണ് രോഗം പിടിപെട്ടത്. ഇതുവരെ ആശുപത്രിയിലെ ആയിരത്തോളം ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ ഒരു കെട്ടിടം ഇവരുടെ ചികിൽസയ്ക്കായി വിട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആശുപത്രിയിൽ കൊറോണ രോഗികളുമായി ഇടപഴുകിയ നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ആശുപത്രിയിലും സമീപത്തുള്ള ഹോട്ടലിലും ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ്
അടുത്തിടപഴുകിയവർക്കായി അന്വേഷണവും തകൃതിയായി നടക്കുന്നുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ രോഗബാധിതരെ വേണ്ടവിധത്തിൽ പരിചരിക്കുന്നുണ്ടെന്നും ആഹാരമടക്കമുള്ളവ കൃത്യമായി നൽകുന്നുണ്ടെന്നും ക്വാറൻ്റൈനിൽ കഴിയുന്ന മലയാളി നഴ്സുമാർ വ്യക്തമാക്കുന്നുണ്ട്.
ഹോസ്റ്റൽ മുറികളിൽ ഒരുമിച്ച് കഴിഞ്ഞ പലർക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. അതിനാൽ എല്ലാവരും കനത്ത ജാഗ്രതയിലാണ് ദിവസങ്ങൾ കഴിച്ച് കൂട്ടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി നൂറ് കണക്കിന് മലയാളി നഴ്സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് റൂബി ഹാൾ. രാജ്യത്ത് കൊറോണ വ്യാപനം ഏറ്റവും ശക്തമായി നടക്കുന്നത് മുംബൈയിൽ മഹാരാഷ്ട്രയിലുമാണ്. തുടക്കം മുതൽക്കെ ഇവിടങ്ങളിലെ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടസുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിൽ ആശുപത്രി അധികൃതർ ഏറെ പരാജയപ്പെട്ടതിൻ്റെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടക്കത്തിൽ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിൽ വീഴ്ച വന്നതാകാം ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപെടാൻ കാരണമായതെന്നാണ് സൂചന. നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ട സുരക്ഷയും കരുതലും അതാത് സംസ്ഥാന ഭരണകൂടവും ആശുപത്രി അധികൃതരും ഒരുക്കേണ്ടത് ഏറെ അനിവാര്യമാണ് എന്നതിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.