ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ഇപ്പോള്‍ നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനാവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ കോടതി പരിഗണിച്ചു.
മാള്‍ഡോവയില്‍ കുടുങ്ങിയ 450 ലേറെ മലയാളി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ട് വരണമെന്ന ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാനാകില്ലെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.