ബെർലിൻ: കൊറോണ മഹാമാരിയുടെ ഉറവിടം സംബന്ധിച്ച വിഷയത്തിൽ ചൈനക്കെതിരെ തിരിഞ്ഞ് ജർമനിയും. കൊറോണയുടെ ഉത്ഭവം എവിടെയാണ് എന്നത് സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ തുറന്ന സമീപനം ആവശ്യമാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് അറിയാന്‍ അതിന്റെ ഉറവിടത്തെക്കുറിച്ച് സംബന്ധിക്കുന്ന കാര്യങ്ങൾ ചൈന വ്യക്തമാക്കണമെന്നും വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വൈറസിന്റെ ഉറവിടത്തെ സംബന്ധിച്ചു പല ലോക രാഷ്ട്രങ്ങളും ചൈനക്കെതിരെ ആരോപണം ഉന്നയിക്കുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ നേരത്തെ ആവശ്യപെട്ടിരുന്നു.
കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണ് പുറത്തായതെന്നും അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപണമുന്നയിച്ചിരുന്നു. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ ചൈന തള്ളിയിരുന്നു. വുഹാന്‍ ലാബില്‍ നിന്നും പുറത്താകാന്‍ ഒരു സാധ്യതയുമില്ലെന്നും ശുദ്ധ അസബന്ധമാണിതെന്നും വുഹാന്‍ ലാബ് തലവന്‍ പറഞ്ഞിരുന്നു.
കൊറോണയുടെ ഉറവിടം സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴാണ് നിരവധി രാജ്യങ്ങൾ ചൈനക്കെതിരെ തിരിഞ്ഞിരിക്കുന്നത്.