ന്യൂഡല്‍ഹി: വിവാദ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി സ്ഥാപകനുമായ അര്‍ണബ് ഗോസ്വാമി പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്നും രാജിവെച്ചു. തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലില്‍ നടന്ന തത്സമയ പരിപാടിക്കിടെയാണ് നാടകീയമായ രാജി പ്രഖ്യാപനം.
പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. പല്‍ഗാറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കവേയായിരുന്നു രാജി പ്രഖ്യാപനം.
പാല്‍ഗാര്‍ ആള്‍ക്കൂട്ട കൊലപാതക സംഭവത്തില്‍ ചില ലിബറലുകള്‍ നിശബ്ദത തുടരുകയാണെന്നും വിഷയത്തില്‍ എഡിറ്റേഴ്‌സ് ഗിള്‍ഡ് ഓഫ് ഇന്ത്യയും ചെയര്‍മാന്‍ ശേഖര്‍ ഗുപ്തയും തുടരുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അര്‍ണബ് രാജി പ്രഖ്യാപിച്ചത്.
ശേഖര്‍ ഗുപ്ത ഇപ്പോള്‍ പാലിക്കുന്ന മൌനം എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ശേഷിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും അര്‍ണാബ് ആരോപിക്കുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഒരു സ്വയം സേവന സ്ഥാപനമായി മാറി. എഡിറ്റോറിയല്‍ പോളിസിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ് എന്നും അര്‍ണാബ് ലൈവില്‍ പറഞ്ഞു.