തിരുവനന്തപുരം: വീണ്ടും ആശങ്കയുണർത്തി സംസ്ഥാനത്ത് ഇന്ന് 19 പേർക്കു കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ 10, പാലക്കാട് 4, കാസർകോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകൾ. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സ സമ്പർക്കം വഴിയും രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിൽസയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കും. കാസര്‍കോട് പോസിറ്റീവ് ആയ മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 16 പേർക്കാണ് രോഗം ഭേദമായത്. കണ്ണൂർ 7, കാസർകോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1. ഇപ്പോൾ കൂടുതൽ കൊറോണ രോഗികളുള്ളത് കണ്ണൂരിലാണ്. ഇതുവരെ 104 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു വീട്ടിൽ സമ്പർക്കം വഴി 10 പേർക്ക് രോഗം വന്നു. അതിനാലാണ് ജില്ലയിൽ വലിയ തോതിൽ പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആഴ്ചകള്‍ക്കു ശേഷമാണ് രോഗം ഭേദമാകുന്നവരേക്കാള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. രോഗികളുടെ എണ്ണം രണ്ടക്കം കടക്കുന്നതും ആഴ്ചകള്‍ക്ക് ശേഷം ഇന്നാണ്. രോഗികൾ കൂടിയാൽ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കാനും സാധ്യത ഉണ്ടെന്നാണ് സൂചന.