വാറ്റ് ചാരായത്തിൽ കരിക്ക് ഒഴിക്കാൻ തെങ്ങുകയറിയ യുവാവ് വീണ് മരിച്ചു

പത്തനാപുരം : വാറ്റ് ചാരായത്തിൽ ഒഴിക്കാൻ തെങ്ങിൽ കയറി കരിക്ക് ഇടുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനാപുരം മാങ്കോട് തൊണ്ടിയാമൺ ചരുവിളപുത്തൻവീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പ്രദീപും സുഹൃത്തുക്കളും വ്യാജവാറ്റുകേന്ദ്രത്തിലെത്തിയത്. മദ്യലഹരിയിൽ പോകാനാവാതെ സ്ഥലത്തുതന്നെ കിടക്കുകയായിരുന്നു ഇവർ. അർദ്ധരാത്രിയോടെ തെങ്ങിൽ കയറിയ പ്രദീപ് നിലംപതിച്ചതോടെ പരിഭ്രാന്തരായ മറ്റുള്ളവർ സ്ഥലംവിടുകയായിരുന്നു. പ്രദീപിനെ കാണാതായതോടെ വീട്ടുകാർ രാത്രിമുതൽ തിരച്ചിൽ നടത്തിയിരുന്നു. പത്തനാപുരം പോലീസിൽ പരാതിയും നൽകി. രാവിലെ അബോധാവസ്ഥയിൽ കണ്ടതോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒപ്പം മദ്യപിച്ചവർക്കാർക്കും പ്രശ്നങ്ങൾ ഇല്ലെന്നും വീഴ്ചയിലേറ്റ പരിക്കാണ് മരണകാരണമെന്നും പത്തനാപുരം സി.ഐ. രാജീവ് അറിയിച്ചു. സ്ഥലത്ത് വാറ്റുനടന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്.

ഞായറാഴ്ച രാവിലെയാണ് ഇയാളെ തൊണ്ടിയാമൺ എസ്.എഫ്.സി.കെ. റബ്ബർ എസ്റ്റേറ്റിൽ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മദ്യം കഴിച്ചതിന്റെ പ്രശ്നങ്ങളല്ല, വീഴ്ചയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ തുളച്ചുകയറിയനിലയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മദ്യലഹരിയിൽ തെങ്ങിൽക്കയറി കരിക്കിടാൻ ശ്രമിച്ചപ്പോൾ താഴെവീഴുകയായിരുന്നുവെന്ന് പ്രദീപിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൊണ്ടിയാമൺ സ്വദേശി അനീഷ് മൊഴിനൽകിയിട്ടുണ്ട്. അനീഷ് പോലീസ് കസ്റ്റഡിയിലാണ്.

എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും പ്രദീപിനൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യംചെയ്യുമെന്നും സി.ഐ. അറിയിച്ചു. വാറ്റുകേന്ദ്രത്തിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. മദ്യദുരന്തം എന്ന അഭ്യൂഹം പടർന്നതോടെ പോലീസും എക്സൈസും രാവിലെ പ്രദേശത്ത് അന്വേഷണം നടത്തി. പ്രദീപിന്റെ ഭാര്യ: രജിത. മക്കൾ: പ്രവീൺ, പ്രവീണ.