തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് സംസ്ഥാനം ഇളവുകൾ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി പറഞ്ഞു. മറുപടി നൽകുന്നതിലൂടെ തെറ്റിദ്ധാരണ പരിഹരിക്കാനാകും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാർ നിലപാടും ഒരേ പാളത്തിലൂടെ സഞ്ചരിക്കുന്നവയാണ്. യാതൊരു തരത്തിലുള്ള ഭിന്നതയും ഇതിലില്ലെന്ന് മന്ത്രി വിശദീകരിച്ചു.
ഇളവുകൾ നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കഴിഞ്ഞരാത്രി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കും. പ്രത്യേകിച്ച് കേരളത്തിന് എന്തെങ്കിലും ആനുകൂല്യങ്ങൾ വേണമെങ്കിൽ ഉടൻ തന്നെ ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടൻ തന്നെ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കേന്ദ്രവുമായി ചർച്ച ചെയ്താണ് കേരളം നടപടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആശങ്കയോ, മുന്നറിയിപ്പോ ഒന്നുമില്ല. ഓരോ സ്പെസിഫിക്ക് കേസിലും നമ്മൾ ചില ടേം ഉപയോഗിക്കും. ഒരു ടേമിനോളജി എന്നതിൽ കവിഞ്ഞ് അതിനകത്ത് വേറൊന്നും കാണുന്നില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരളം മാർഗനിർദേശങ്ങളിൽ വെള്ളം ചേർത്തുവെന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിലെ പരാമർശത്തോട് ചീഫ് സെക്രട്ടറി പ്രതികരിച്ചു.
ലോക്ക്ഡൗൺ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 15ന് പുറപ്പെടുവിച്ച മാർഗനിർദേശം കേരളം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.